വടക്കന്‍ നൈജീരിയയില്‍ വനിതാ ചാവേറുകള്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ 18 മരണം. കല്യാണ വേദിയിലും ശവസംസ്‌കാരം ചടങ്ങിലും ആശുപത്രിയിലുമാണ് വനിതാ ചാവേര്‍ ബോംബര്‍മാര്‍ പൊട്ടിത്തെറിച്ചത്.
വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയില്‍ വിവാഹ ആഘോഷത്തിനിടെയാണ് ആദ്യത്തെ സ്‌ഫോടനം നടന്നതെന്ന് ബോര്‍ണോ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ബര്‍കിന്‍ഡോ സെയ്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘മിനിറ്റുകള്‍ക്ക് ശേഷം, ജനറല്‍ ആശുപത്രിക്ക് സമീപം മറ്റൊരു സ്ഫോടനം ഉണ്ടായി’. സെയ്ദു പറഞ്ഞു. ശവസംസ്‌കാര ശുശ്രൂഷയിലെ മൂന്നാമത്തെ ബോംബര്‍ വിലാപകയുടെ വേഷത്തിലായിരുന്നു. കുട്ടികളും ഗര്‍ഭിണികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞത് 30 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും പരിക്കുകള്‍ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തില്ല. ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ പങ്കാണ് സംശയിക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ബോക്കോ ഹറാം സ്ത്രീകളെയും പെണ്‍കുട്ടികളെയും ചാവേര്‍ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പലരെയും ചാവേറുകളായി ഉപയോഗിക്കുന്നുണ്ട്.