ലോകത്താകമാനം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഖത്തര്‍ ലോകകപ്പ് കണ്ടത് 262 ബില്യണ്‍ ആളുകളെന്ന് ഫിഫ. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനല്‍ മത്സരം മാത്രം 26 മില്യണ്‍ ആളുകള്‍ കണ്ടതായാണ് കണക്ക്. ലോകകപ്പിലെ സര്‍വകാല റെക്കോര്‍ഡാണിതെന്നും ഫിഫ വ്യക്തമാക്കി.
2018 ലെ റഷ്യന്‍ ലോകകപ്പ് കാണാന്‍ എത്തിയത് 3 ദശലക്ഷം കാണികളായിരുന്നു. എന്നാല്‍ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പെന്ന റെക്കോര്‍ഡും ഖത്തര്‍ സ്വന്തമാക്കി കഴിഞ്ഞു. 1994 ന് ശേഷം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ എത്തിയ മത്സരവും ഖത്തറിലേത് തന്നെ.
ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫൈനല്‍ വീക്ഷിക്കാനെത്തിയത് 88,966 പേരാണ്. 1994 ല്‍ അമേരിക്കയില്‍ വച്ച് നടന്ന ലോകകപ്പില്‍ ബ്രസീല്‍ ഇറ്റലി മത്സരത്തിനെത്തിയ 94,194 പേരെന്ന റെക്കോര്‍ഡിന് താഴെയാണ് ഖത്തറെത്തിയത്. 172 ഗോളുകളാണ് ഖത്തറില്‍ വലകുലുക്കിയത്. 171 ഗോളുകള്‍ പിറന്ന 1998, 2014 ലോകകപ്പുകളെ പിറകിലാക്കിയാണ് ഖത്തര്‍ ലോകകപ്പ് റെക്കോഡ് സ്വന്തമാക്കിയത്.