Wednesday, April 2, 2025

ഖത്തര്‍ ലോകകപ്പില്‍ ചരിത്രം പിറക്കും; മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ചരിത്രം പിറക്കും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്നു വനിതകളെ ഉള്‍പ്പെടുത്തിയതോടെ ആദ്യമായി ഒരു പുരുഷ ഫുട്‌ബോള്‍ ലോകകപ്പില്‍ വനിതകള്‍ മത്സരം നിയന്ത്രിക്കാന്‍ പോകുന്നുവെന്ന ചരിത്രമാണ് ഖത്തര്‍ ലോകകപ്പില്‍ പിറക്കാന്‍ പോകുന്നത്.

പ്രധാന റഫറിമാരായി ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയുടെ സലീമാ മുകന്‍സംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയുടെ കാരന്‍ ഡയസ് മദീന, അമേരിക്കയില്‍ നിന്നുമുള്ള കാതറിന്‍ നൈസ്ബിറ്റ് എന്നിവരെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

36 പ്രധാന റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫിഷ്യല്‍സിനെയും ടൂര്‍ണമെന്റിനു വേണ്ടി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് ഫിഫ പുരുഷ ലോകകപ്പില്‍ വനിതാ റഫറിമാര്‍ ഇടം നേടുന്നതെന്നും ഇതിലൂടെ ഒരാളുടെ ലിംഗം ഏതാണെന്നല്ല, മറിച്ച് കഴിവാണു പ്രധാനമായും പരിഗണിക്കുന്നതെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയറിലൂയിജി കോളിന പറഞ്ഞു.

 

 

Latest News