Monday, November 25, 2024

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

ഫിഫ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ഇതുപ്രകാരം അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.

എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാനാകില്ല. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാള്‍ സംഘടനയായ ഫിഫ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

ദേശീയ ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് തങ്ങളാണെന്നും അതില്‍ മറ്റ് ഘടകങ്ങള്‍ ഇടപെട്ടാല്‍ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.

 

 

Latest News