ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ബലോന്‍ ദ് ഓര്‍ നേട്ടത്തിന് പിന്നാലെയാണ് ഫിഫ ദി ബെസ്റ്റ് അവാര്‍ഡും അര്‍ജന്റീനന്‍ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. പുരസ്‌കാര മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിംഗ് ഹാലണ്ടിനെയും കിലിയന്‍ എംബപ്പെയും മെസ്സി പിന്നിലാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ സ്‌പെയിന്‍ താരം ഐതാന ബോണ്‍മതി സ്വന്തമാക്കി.
മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ സിറ്റിയുടെ ട്രെബിള്‍ നേട്ടമാണ് പെപ് ഗ്വാര്‍ഡിയോളെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരം സറീന വിഗ്മാന്‍ സ്വന്തമാക്കി. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയാണ് സറീന വീഗ്മാന്‍.
മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ കീപ്പര്‍ അന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും താരമായ ഏര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. ബ്രസീലിയന്‍ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലര്‍മെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം നേടി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുള്ള ഫെയര്‍പ്ലേ പുരസ്‌കാരം ബ്രസീല്‍ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്‌ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീല്‍ ടീമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.