കരുത്തരായ മൊറോക്കൻ ടീമിനോട് ഏറ്റുമുട്ടി ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടി ഫ്രാൻസ്. ഖത്തർ ലോകകപ്പിലെ ആഫ്രിക്കൻ പ്രതീക്ഷയും കരുത്തരുമായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇതോടെ ഫൈനലിൽ അർജന്റീനയ്ക്ക് എതിരാളികൾ ഫ്രാൻസ് ആകും.
പേരുകേട്ട മൊറോക്കോയുടെ പ്രതിരോധത്തെ തകർത്ത് ആദ്യ പകുതിയിൽ തന്നെ കളിയിൽ ലീഡ് എടുത്ത ഫ്രാൻസ് രണ്ടാം പകുതിയിൽ മത്സരം സ്വന്തമാക്കുകയായിരുന്നു. സെമി ഫൈനൽ പോരാട്ടത്തിന്റെ ചൂടും ചൂരും നിറഞ്ഞതായിരുന്നു ഫ്രാൻസ്-മൊറോക്കോ മത്സരം. ആവേശ തുടക്കത്തിന് പിന്നാലെ കളിയിൽ ആധിപത്യം സ്ഥാപിക്കാനായിരുന്നു രണ്ടു ടീമുകളുടെയും ശ്രമം. രണ്ട് ഗോൾ ലീഡായതോടെ, പ്രതിരോധം ശക്തിപ്പെടുത്തി ഫ്രാൻസ് കളിച്ചുകയറി. ഗോൾ മടക്കാനായി മൊറോക്കോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ലഭിച്ച അവസരങ്ങൾ പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല മൊറോക്കൻ ടീമിന്. ഫിനിഷിങ്ങിലെ പോരായ്മ പലപ്പോഴും മൊറോക്കൻ ടീമിന് തിരിച്ചടിയായി.അതോടെ, ലോകകപ്പിലെ ആഫ്രിക്കൻ പ്രതീക്ഷകൾ കെട്ടടങ്ങി.
തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസ് ഫൈനലിലെത്തുന്നത്. ഒപ്പം തുടർച്ചയായി ഫൈനൽ കളിക്കുന്ന ആറാമത്തെ രാജ്യമെന്ന റെക്കോർഡും ഫ്രാൻസ് സ്വന്തമാക്കി.