ഖത്തറിലെ ആൽബയ്ത്ത മൈതാനി ഇന്ന് പോർക്കളമാകും. കാൽപ്പന്ത് ലോകം കാത്തിരുന്ന കലാശ പോരാട്ടത്തിൽ മെസ്സിയുടെ അർജന്റീനക്ക് എതിരാളികൾ ആര് എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും.
നിലവിലെ ലോകകപ്പ് ചമ്പ്യാന്മാരായ ഫ്രാൻസോ, അതോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറബ്-ആഫ്രിക്കൻ രാജ്യമായ മൊറോക്കൊയോ, ആര് ഫൈനലിൽ പ്രവേശിക്കും എന്ന് ഖത്തർ സമയം ഇന്ന് രാത്രി 10.30 ന് അറിയാം. എംബപ്പെ എന്ന സമർഥനായ താരമാണ് ഫ്രാൻസിന്റെ കരുത്ത്. 2018 ലെ ലോകകപ്പ് മത്സരത്തിൽ ഫ്രാൻസിലേക്ക് കിരീടം എത്തിയതിൽ താരത്തിന്റെ പങ്ക് വലുതാണ്. അതിനാൽ തന്നെ തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ഫ്രാൻസ് കളത്തിൽ ഇറങ്ങുന്നത്. എന്നാൽ അപ്രതീക്ഷിതമായി കറുത്ത കുതിരകളായി മാറിയ മൊറോക്കോ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമാണ്. തോൽവി അറിയാതെ സെമിയിലെത്തിയ ടീമെന്ന നിലയിൽ ആഫ്രിക്കൻ പടയെ പിടിച്ചു കെട്ടാൻ ഫ്രാൻസ് അല്പം വിയർക്കും.
പ്രീ ക്വാർട്ടറിൽ സ്‌പെയിനിനെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും വീഴ്ത്തിയാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പ് സ്റ്റേജിൽ ബെൽജിയത്തെയും അവർ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്താൽ മൊറോക്കൊ പുതു ചരിത്രം കുറിക്കും. അതേ സമയം കരുത്തരായ ഇംഗ്ലണ്ടിനെ തകർത്താണ് ഫ്രാൻസിന്റെ സെമി പ്രവേശനം. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം എന്ന സ്വപ്നവുമായി ആൽബയ്ത് മൈതാനിയിൽ ഗോൾ ശരങ്ങൾ പായിക്കാൻ എംബപ്പെക്കും, ഗ്രീസ്മനും കഴിഞ്ഞാൽ അവസാന ഘട്ട മത്സരത്തിൽ അർജന്റീനയ്ക്കു എതിരാളി ഫ്രാൻസ് തന്നെ.