Friday, April 4, 2025

ഖത്തർ കിക്ക് : കലാശപോരിലേക്ക് ആര് കടക്കും?

അത്തറിന്റെ മണമുള്ള ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ ഇന്നു അർജന്റീന ക്രൊയേഷ്യ പോരാട്ടം നടക്കും. കാൽപ്പന്ത് ലോകം കാത്തിരുന്ന കലാശ പോരാട്ടത്തിലേക്ക് മിശിഹായുടെ അർജന്റീന ഇടം പിടിക്കുമോ? അതോ ലൂക്കോ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യുമോ? ഈ ചോദ്യത്തിൽ അർജന്റീനക്ക് മേൽകൈ പ്രവചിക്കുമെങ്കിലും നിസാരമല്ല ക്രൊയേഷ്യയുടെ പോരാട്ടം.

ആറാം ലോകകപ്പ് പ്രതീക്ഷയുമായി വന്ന കാനറികളെ പ്രീ ക്വാർട്ടറിൽ ആട്ടിമറിച്ച ക്രൊയേഷ്യയെ നിസാരമായി തള്ളാൻ അർജന്റീനിയൻ പരിശീലകൻ തയ്യാറല്ല. ”ഡി മരിയയും ഡി പോളും സെമിയിൽ മത്സരിക്കുന്നുണ്ട്. പക്ഷെ അവർ എത്ര മിനിറ്റുകൾ കളിക്കുമെന്നുള്ള ഉറപ്പ് പറയാൻ കഴിയില്ല. മത്സരത്തെ കുറിച്ചും എതിരാളിയെ കുറിച്ചും ടീമിലെ ഓരോ താരങ്ങളും ചർച്ച ചെയ്യാറുണ്ട്. ക്രൊയേഷ്യ വളരെ മികച്ച എതിരാളികളാണ്. അതിനാൽ തന്നെ ഈ മത്സരം വളരെ ബുദ്ധിമുട്ടേറിയതാവും. ഒരുപിടി മികച്ച താരങ്ങളുടെ പിൻബലമുണ്ട് ക്രൊയേഷ്യയ്ക്ക് . അത്തരമൊരു ടീമിനെതിരെ കളിക്കണമെന്നുള്ള വ്യക്തമായ ബോധ്യം ഞങ്ങൾക്കുണ്ട്.” സ്‌കലോണി പറഞ്ഞു.

പ്രവചനങ്ങൾ മാറി മറിയുന്ന കാഴ്ചയായിരുന്നു ഖത്തർ കിക്കിൽ തുടക്കം മുതൽ ഒടുക്കം വരെ. ജർമനി, പോർച്ചുഗൽ, ബ്രസീൽ, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങി വമ്പന്മാർ പലരും ഗ്രൂപ്പ് ഘട്ടത്തിലോ ക്വാർട്ടർ ഫൈനലിലോ ഒക്കെ മടക്കയാത്ര നടത്തിയിട്ടുണ്ട്.

സൗദിയോട് പ്രഥമമത്സരത്തിൽ പരാജയപ്പെട്ട അർജന്റീനയും നിലവിലെ ചമ്പ്യാന്മാരായ ഫ്രാൻസുമാണ് അവശേഷിക്കുന്ന വമ്പന്മാർ. എന്നിരുന്നാലും ഫ്രാൻസിനെ നേരിടാൻ ഇരിക്കുന്ന മൊറൊക്കൊയും അവസാന ലാപ്പിലേക്കുള്ള സീറ്റ് ഉറപ്പിക്കാൻ ഇറങ്ങുന്ന ക്രൊയേഷ്യയും മോശക്കാരെന്നു വിധിയെഴുതാനും വയ്യ. ഖത്തർ സമയം രാത്രി പത്തിന് ലൂസൈൽ മൈതാനിയിൽ പന്തുരുളുമ്പോൾ അവസാന പോരാട്ടത്തിനുള്ള ഒരു ടീമിനെ വ്യക്തമാകും.

1986നു ശേഷം പലവട്ടം ലോക കീരിടത്തിനു മുൻപിൽ എത്തിയിട്ടും വഴുതി പോയ ടീം ആണ് അർജന്റീന. ഖത്തറിലൂടെ ആ ഇടവേള നികത്തുമോ എന്നും ഇന്ന് അറിയാം. ലുക്കോ മോട്രിച്ചും മെസ്സിയും കളം നിറയുമ്പോൾ ആർക്കൊപ്പം ഖത്തർ നിൽക്കുമെന്ന് കണ്ടറിയണം. ലോകകപ്പിൽ ഇതുവരെ അഞ്ച് തവണയാണ് ക്രൊയേഷ്യയും അർജന്റ്റീനയും ഏറ്റുമുട്ടിയത്. 2018 ൽ 3-0 ത്തിനു അർജന്റീനയെ നിഷ്പ്രഭമാക്കിയ ചരിത്രമാണ് ക്രൊയേഷ്യക്കു ഉള്ളത്.

Latest News