അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിൽ ഒൻപതു സൈനികർക്കു പരിക്കേറ്റു. ഈ മാസം ഒൻപതിനാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്.
സൈനികർക്ക് നിസ്സാര പരുക്കേറ്റതായും സംഘർഷമേഖലയിൽ നിന്ന് അൽപസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങൾ വെളിപ്പെടുത്തി. സംഭവത്തെത്തുടർന്ന് ഇരുഭാഗത്തെയും സേനാ കമാൻഡർമാർ അതിർത്തിയിൽ ചർച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിനിടയിലാണ് അരുണാചൽ അതിർത്തിയിലും ചൈനയുടെ കടന്നുകയറ്റം.