വനനശീകരണം തടയുന്നതിനായി യോജിച്ച് പോരാടാന്‍ ആമസോൺ കോ-ഓപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷൻ ഉച്ചകോടിയില്‍ തീരുമാനമായി. തെക്കേ അമേരിക്കയിലെ എട്ടു രാജ്യങ്ങളുടെ നേതൃത്വത്തില്‍ ബ്രസീലിലെ ബെലെമിൽ ചേര്‍ന്ന ഉച്ചകോടിയിലാണ് തീരുമാനം. വനനശീകരണം തടയുന്നതിനായി സഖ്യം രൂപീകരിക്കാനും ഉച്ചകോടിയില്‍ ധാരണയായി.
ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗിനിയ, പെറു, സുരിനാം, വെനസ്വേല എന്നീ രാജ്യങ്ങളാണ് വനനശീകരണത്തിനെതിരെ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച ചേര്‍ന്ന ആമസോൺ കോ-ഓപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത ബ്രസീൽ പ്രസിഡന്റ്, ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് സംയുക്തപോരാട്ടത്തിന് ആഹ്വാനം ചെയ്തത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോ ഉൾപ്പെടെയുള്ള നേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ടു സംസാരിച്ചു.
ആമസോണിന്റെ സംരക്ഷണത്തിനായുള്ള ആഗോള ഉത്കണ്ഠ പ്രയോജനപ്പെടുത്താനുള്ള, ബ്രസീൽ പ്രസിഡന്റ് ലുലയുടെ ശ്രമങ്ങളെയും ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അഭിനന്ദിച്ചു. അധികാരത്തിലേറി ആദ്യ ഏഴുമാസത്തിനിടെ വനനശീകരണത്തിൽ 42% കുറവുണ്ടാക്കാന്‍ അദേഹത്തിനു കഴിഞ്ഞതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വനസംരക്ഷണത്തിനായി അന്താരാഷ്ട്ര സാമ്പത്തികസഹായം തേടിയതും ഉച്ചകോടിയില്‍ പ്രശംസിക്കപ്പെട്ടു.