ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനം ആദ്യമായി രാത്രിയിൽ ഇറക്കി. പരീക്ഷണം വിജയകരമായതോടെ ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നാഴികക്കല്ലെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നാവികസേനയും വെളിപ്പെടുത്തി.
റഷ്യൻ നിർമിത മിഗ് 29 കെ വിമാനമാണു വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. വിമാന വാഹിനികളുടെ റൺവേയിൽ രാത്രി യുദ്ധവിമാനങ്ങൾ ഇറക്കുന്നത് ദുഷ്കരമായ ഒന്നാണ്. കപ്പലിലെ നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവുമാണു രാത്രി ലാൻഡിങ് വിജയകരമാക്കിയത് എന്ന് നാവികസേന അറിയിച്ചു.
ഫെബ്രുവരിയിലാണു വിക്രാന്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഗോവയ്ക്കും കർണാടകത്തിലെ കാർവാറിനും ഇടയിൽ അറബിക്കടലിൽ നൂതനമായ പരീക്ഷണങ്ങളുമായി തുടരുകയാണ് ഐഎൻഎസ് വിക്രാന്ദ് ഇപ്പോൾ.