Monday, November 25, 2024

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത്

രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുടെ കണക്കുകള്‍ അമേരിക്ക പുറത്തുവിട്ടു. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 7,25,000 ഇന്ത്യന്‍ പൗരന്മാര്‍ യു.എസിലേക്ക് അനധികൃതമായി കടന്നുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെക്സികോയില്‍നിന്നും എൽസാൽവഡോറില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഇന്ത്യന്‍ പൗരന്മാരാണ് അനധികൃതമായി കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അമേരിക്കയിലുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരും കാൽനടയായി അതിർത്തി കടന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2021 -ൽ 30,662 -ഉം 2022 -ൽ 63,927 -മായിരുന്നു ഇന്ത്യയില്‍നിന്നുളള കുടിയേറ്റക്കര്‍. ഇതാണ് വീണ്ടും 7,25,000 ആയി വർധിച്ചത്.

അതേസമയം, വിവിധരാജ്യങ്ങളില്‍ നിന്നായി 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ കുടിയേറാന്‍ ശ്രമിച്ചവരില്‍ 96,917 പേർ പിടിയിലാകുകയോ, പുറത്താക്കപ്പെടുകയോ, അതിർത്തിയിൽ മടക്കിയയക്കുകയോ ചെയ്തിട്ടുണ്ട്. 41,770 പേര്‍ തെക്കൻ അതിർത്തിവഴി എത്തിയപ്പോൾ 30,010 പേർ കാനഡ കടന്നാണ് യു.എസിലെത്താൻ ശ്രമിച്ചത്. 2021 -ൽ 1.05 കോടി പേർ മൊത്തം അനധികൃത കുടിയേറ്റക്കാരായി യു.എസി​ലുണ്ടെന്നാണ് കണക്ക്.

Latest News