Tuesday, November 26, 2024

സ്വാതന്ത്രവും അവകാശവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത്, ’19(1)a’

Article 19(1)a All citizens shall have the right to freedom of speech and expression. നമ്മുടെ രാജ്യത്തിലെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നമ്മുടെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുള്ളതാണിത്. ഓരോ പൗരനും അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നാണ് നമ്മുടെ രാജ്യം ഉറപ്പു നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാണ് എന്ന ഒരു വലിയ ചോദ്യമാണ് പ്രേക്ഷകനു മുന്നിലേക്ക് 19(1)a എന്ന ഏറ്റവും പുതിയ ചിത്രം ഉയര്‍ത്തുന്നത്.

വ്യക്തമായ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് -ആന്റോ ജോസഫ് ഫിലിം കമ്പനി, അമി മെഗാ മീഡിയ എന്നീ ബാനറുകള്‍ ചേര്‍ന്ന് പുറത്തിറക്കിയിരിക്കുന്ന 19(1)a എന്ന ചിത്രം. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇന്ദു വി. എസ് എന്ന യുവ കലാകാരിയുടെ ആദ്യ സിനിമ കൂടിയാണിത്.

തന്റെ അഭിപ്രായവും രാഷ്ട്രീയവും തുറന്നു പറഞ്ഞതിനാല്‍ ഇരുട്ടിന്റെ മറവില്‍ വെടിയേറ്റ് കൊല്ലപ്പെടേണ്ടിവരുന്ന ഗൗരി ശങ്കര്‍ എന്ന എഴുത്തുകാരനായിട്ടാണ് വിജയ് സേതുപതി വേഷം ഇടുന്നത്. പേരില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി ആയിട്ടാണ് നിത്യ മേനോന്‍ എത്തുന്നത്. പേരുള്ളതിനും പേരില്ലാത്തതിനും വ്യക്തമായ രാഷ്ട്രീയം സിനിമയിലൂടെ സംവിധായിക സംസാരിക്കുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്ന് പറയുമ്പോഴും പല സ്ത്രീകളുടേയും ശബ്ദം അടുക്കളയ്ക്ക് പുറത്തേക്ക് ഇന്നും ഉയരാറില്ല. ഇതൊക്കെ സിനിമയിലൂടെ കാണുമ്പോള്‍ അത് നമ്മുടെ വീട്ടിലെ സ്ത്രീകളുടെ സാഹചര്യങ്ങളായി തോന്നിയാല്‍ അതിശയിക്കാനില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്.

അച്ഛനും മകളും തമ്മിലുള്ള ബന്ധം, കൂട്ടുകാര്‍ തമ്മിലുള്ളതും ജീവിതത്തിലേക്ക് ഒരു പ്രാവശ്യം മാത്രം കടന്നുവരുന്ന ആളുകള്‍ തമ്മിലുള്ളതുമായ ആത്മബന്ധങ്ങള്‍ എന്നിവയും ചിത്രത്തിലെ ഒരു പ്രധാന ഘടകമാണ്. ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ, ദീപക് തുടങ്ങി വളരെ കുറച്ചു അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ഇവരുടെയെല്ലാം സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ തന്നെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജാതി, മതം, നിറം, രാഷ്ട്രീയം, വിപ്ലവം എന്നിവ സിനിമാക്കഥകള്‍ ആകുമ്പോള്‍ പലപ്പോഴും കാണുന്ന ഒന്നാണ് നെടുനീളന്‍ പ്രസംഗങ്ങളും ഡയലോഗുകളും. എന്നാല്‍ വളരെ പതുക്കെ കഥ പറയുന്ന രീതിയിലാണ് സംവിധായിക ചിത്രം ഒരുക്കിയിട്ടുള്ളത്. അതിന് യോജിക്കുന്ന രീതിയിലാണ് മനേഷ് മാധവന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും. മനോഹരമായി കഥ പറഞ്ഞു പോകാന്‍ ഇവ രണ്ടും സഹായകമാകുന്നുണ്ട്. എന്നാല്‍ സിനിമയുടെ മെല്ലെ പോക്ക് പലഭാഗങ്ങളിലും പ്രേക്ഷകനു വിരസത തോന്നിപ്പിക്കാം. ചിത്രത്തിന്റെ ഒരു നെഗറ്റീവ് പോയിന്റ് ആയി പറയാവുന്നത് ഇതു മാത്രമാണ്.

കറുപ്പിന്റെ രാഷ്ട്രീയം പറയാന്‍ സംവിധായിക ശ്രമിക്കുന്നുണ്ടെങ്കിലും, വേണ്ടത്ര പ്രാധാന്യത്തോടെ അത് ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയം ആണ്. ക്ലൈമാക്‌സ് ഉള്‍പ്പടെ രണ്ടോ മൂന്നോ സീനുകളില്‍ മാത്രം അവ ഒതുങ്ങി നില്‍ക്കുന്നു.

വിപ്ലവ സമരങ്ങളും പ്രസംഗങ്ങളും ആഘോഷിക്കപെടുമ്പോള്‍, എഴുത്തുകളിലൂടെയും, കലകളിലൂടെയും മനസ്സില്‍ ശക്തമായി വിപ്ലവം കൊണ്ട് നടക്കുന്നവരെ നമ്മള്‍ തിരിച്ചറിയുന്നത് പലപ്പോഴും അവരുടെ മരണത്തിലൂടെ ആയിരിക്കും. എന്നാല്‍ ഇവര്‍ സമൂഹത്തിനായി ചെയ്തുവെച്ചത് ഒക്കെയും എന്നും നിലനില്‍ക്കും എന്ന് ചിത്രം എടുത്തു പറയുന്നു.

വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ഹോട്ട്സ്റ്റാര്‍ എന്ന ഡിജിറ്റല്‍ OTT പ്ലാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്തത്. ഓരോ പ്രാവശ്യവും കാണുമ്പോഴും ചിത്രത്തിലെ ഓരോ ഷോട്ടിനും ഓരോ ഡയലോഗിനും പുതിയ അര്‍ഥങ്ങള്‍ കാഴ്ചക്കാരനു ലഭിക്കും.

നിതിന്‍ തോമസ്

 

Latest News