നായകന്‍, നായിക, വില്ലന്‍, പ്രതികാരം, പ്രണയം, തുടങ്ങിയ പതിവ് കാഴ്ചകളില്‍ നിന്നുള്ള എബ്രിഡ് ഷൈന്‍ന്റെ മാറി നടക്കലാണ് നമുക്ക് മഹാവീര്യറിലൂടെ കാണാന്‍ കഴിയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വിളമ്പിയിരുന്ന മലയാള സിനിമയില്‍ നിന്നുമുള്ള ഒരു പുതിയ മാറ്റമാണ് മഹാവീര്യര്‍.
എം മുകുന്ദന്റെ കഥയില്‍ എബ്രിഡ് ഷൈന്‍ന്റെ തിരക്കഥയില്‍ നിവിന്‍ പോളിയെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യര്‍. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍- നിവിന്‍പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രവും കൂടിയാണിത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു ചിത്രം തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത്.
കഥയ്ക്കും ചിത്രത്തിന്റെ മേക്കിങ്ങിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സംവിധാന മികവ് എടുത്തു പറയേണ്ടതു തന്നെയാണ്. നിവിന്‍ പോളി, ആസിഫ് അലി, സിദ്ദിഖ്, ലാലു അലക്‌സ്, ലാല്‍, ശാന്‍വി ശ്രീവാസ്തവ, മല്ലിക സുകുമാരന്‍, തുടങ്ങിയ താരനിരയും ചിത്രത്തെ മികച്ചതാക്കുന്നു.
തീര്‍ത്തും ഒരു കോര്‍ട്ട് റൂം ഡ്രാമ ആയി എടുത്തിരിക്കുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലര്‍ കൂടെ ആണ്. നിവിന്‍ പോളി അപൂര്‍ണാനന്ത സ്വാമി ആയി രംഗത്ത് എത്തിയപ്പോള്‍, അധികാര വാഴ്ച്ചയുടെ ദുര്‍മുഖം കാട്ടിത്തരുന്ന വേഷങ്ങള്‍ ലാലും ആസിഫ് അലിയും മികച്ചതാക്കി.
സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജിന്റെ ചായാഗ്രഹണം സ്വപ്നങ്ങളുടെ ഒരു മായലോകം പ്രേക്ഷകനു മുന്നിലേക്ക് എത്തിക്കാന്‍ സഹായകമായിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, ഗാനങ്ങളും, സാങ്കേതിക വശങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവ തന്നെയാണ്.
രണ്ടാം പകുതി മുതല്‍ അധികാരവാഴ്ചയെയും നിയമവാഴ്ചയെയും ഒരു കോടതി മുറിക്കുള്ളിലേക്ക് എത്തിക്കുമ്പോള്‍, ഇത് സിനിമയാണോ അതോ നാടകം ആണോ എന്ന ഒരു സംശയം ഒരുപക്ഷേ മനസ്സില്‍ ജനിപ്പിച്ചേക്കാം, എന്നാല്‍ അഭിനേതാക്കളുടെ പ്രകടനം പ്രേക്ഷകരെ തിരശ്ശീലയ്ക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ സഹായിക്കുന്നു.
അധികാരവും നിയമവും ആണോ, അതോ വ്യക്തിസ്വാതന്ത്ര്യം ആണോ വലുത് എന്ന ഒരു വലിയ ചോദ്യം പ്രേക്ഷകന് മുന്നിലേക്ക് വെക്കുന്ന ചിത്രം, ഒരു ആത്മാവിനെയും അധികാരവാഴ്ചയ്ക്ക് തളച്ചിടാന്‍ കഴിയില്ല എന്ന് അടിവരയിട്ട് പറയുന്ന ചിത്രം. ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തുമാത്രം പ്രസക്തിയാണ് ഈ ചിത്രത്തിനുള്ളത് എന്ന് മനസ്സിലാക്കേണ്ടത് നമ്മള്‍ ഓരോരുത്തരും ആണ്.
നിതിന്‍ തോമസ്