പ്രമുഖ ചലച്ചിത്ര താരവും മുന്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയുമായിരുന്ന ഇന്നസെന്‍റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദരോഗ സംബന്ധമായ പ്രശ്നങ്ങൾ മൂർച്ഛിച്ചതോടെ രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാര്‍ച്ച് മൂന്നിനു ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു . പിന്നീട് ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നിരുന്നു. ഇതിനു പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയായ ഇന്നസെന്‍റ് ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കി. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
പ്രേഷകഹൃദയത്തെ കീഴടക്കിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നസെന്‍റിനു 2013-ലാണ് തൊണ്ടയ്ക്ക് അർബുദ രോഗം ബാധിക്കുന്നത്. തുടർന്ന് കീമോതെറാപ്പിക്ക് വിധേയനാവുകയും രോഗത്തെ അതിജീവിച്ചു ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. പിന്നാലെ 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ടിക്കറ്റില്‍ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.