പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 63 വയസായിരുന്നു.
150ൽ അധികം സിനിമകളിൽ അഭിനയിച്ച ഹനീഫ് 1990ൽ പുറത്തിറങ്ങിയ ‘ചെപ്പു കിലുക്കണ ചങ്ങാതി’യിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ‘ഈ പറക്കുംതളിക’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘തുറുപ്പു ഗുലാൻ’, ‘പാണ്ടിപ്പട’, ‘ദൃശ്യം’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും ഹനീഫ് അഭിനയിച്ചു.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്.സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിലൂടെ ശ്രദ്ധേയനായ ഹനീഫ് പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.