Tuesday, November 26, 2024

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയുളള സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ആധാര്‍ നമ്പര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്തതിനു ശേഷമാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പുതുക്കിയ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാരാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം കരട് വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഡിസംബര്‍ 18 വരെ പേര് ചേര്‍ക്കുന്നതിന് സമയം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം മാറിപ്പോയവരെയും മരിച്ചവരെയും നീക്കിയാണ് ഇന്നലെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. 2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പട്ടികയില്‍ ആകെ വോട്ടര്‍മാര്‍ 2,67,95,581 ആയി കുറഞ്ഞു.

അതേസമയം അഞ്ചുലക്ഷത്തിലേറെപ്പേര്‍ ഒഴിവാക്കപ്പെട്ടത് പട്ടിക ശുദ്ധീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം. കൗള്‍ പറഞ്ഞു. പുതുക്കിയ പട്ടിക www.ceo.kerala.gov.in എന്ന വെബ്സൈറ്റിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ പക്കലും ലഭിക്കും.

Latest News