Sunday, November 24, 2024

കോവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീട്ടി

കോവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീട്ടി. വാഹനം വാങ്ങല്‍, ഓഫീസ് മോടിപിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ക്കുളള നിയന്ത്രണമാണ് നീട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നിയന്ത്രണം നീട്ടിയത്. ഒരു വര്‍ഷത്തേക്കാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളീയത്തെ കുറിച്ച് പറയുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. കേന്ദ്ര നിലപാട് കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ പ്രതിസന്ധിയിലും ക്ഷേമ പദ്ധതികളില്‍ നിന്ന് അണുവിട പിന്മാറില്ല. പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇതിന് പുറമെ, കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിലെ പ്രതിസന്ധിയില്‍ വാദം കേള്‍ക്കെ ഹൈക്കോടതിയില്‍ ഹാജരായ ചീഫ് സെക്രട്ടറിയും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോടതിയില്‍ അറിയിച്ചിരുന്നു.

സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുകയാണ്. വിലകുറച്ച് വില്‍ക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈകോയിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. പൊതുവിപണിയില്‍ വന്‍വിലയുള്ള സാധനങ്ങള്‍ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാര്‍ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

 

Latest News