പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കോവിഡ് അണുബാധ കണ്ടെത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തല്‍. ജേണൽ ഓഫ് ഓസ്റ്റിയോപതിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആർ.ടി – പി.സി.ആർ പരിശോധനകളേക്കാള്‍ കൃത്യമായും കാര്യക്ഷമമായും കോവിഡ് അണുബാധ കണ്ടെത്താന്‍ നായ്ക്കള്‍ക്കു കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുകയായിരുന്നെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 30 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാർ 29-ല്‍പരം പഠനങ്ങളാണ് നടത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി രോഗികളില്‍ നിന്നു ശേഖരിച്ച 31,000 സാമ്പിളുകളില്‍ നിന്നുള്ള വൈറസിനെയും അതിന്റെ വകഭേദങ്ങളെയും കണ്ടെത്തുന്നതിന് നായ്ക്കള്‍ക്കു കഴിഞ്ഞിരുന്നു. ഈ പഠനങ്ങളുടെ വെളിച്ചത്തിലാണ് നായ്ക്കൾക്ക് സാർസ്-കോവ്-2 വൈറസ് വേഗത്തിൽ കണ്ടെത്താനും വേഗത്തിലുള്ള ഫലം നൽകുന്നതിനു കഴിയുമെന്നും കണ്ടെത്തിയത്. ഡയഗ്നോസ്റ്റിക് ചെലവുകൾ ഗണ്യമായി കുറയ്ക്കാനും ഇതുവഴി കഴിയുമെന്നും ഗവേഷകര്‍ കരുതുന്നു.
ബീഗിൾസ്, ബാസെറ്റ് ഹൗണ്ട്സ്, കൂൻഹൗണ്ട്സ് തുടങ്ങിയ നായ്ക്കൾ ഈ ദൗത്യത്തിന് അനുയോജ്യമാണെന്നാണ് ഗവേഷകരുടെ വാദം. രോഗിയെ നേരിട്ട് മണത്താൽ, നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ ഇത്തരം നായ്ക്കള്‍ക്കു കഴിയും. മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കൾക്ക് ദശലക്ഷക്കണക്കിന് ഘ്രാണ റിസപ്റ്ററുകൾ ഉള്ളതിനാലും അവരുടെ തലച്ചോറിന്റെ മൂന്നിലൊന്നു ഗന്ധങ്ങൾ തിരിച്ചറിയാനായി രൂപകല്പന ചെയ്തിരിക്കുന്നതിനാലുമാണ് ഇത്. സാധാരണ പരിശോധനകൾക്ക് കണ്ടെത്താൻ കഴിയാത്ത, അധികം രോഗലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികളിൽപോലും നായ്ക്കൾക്ക് കോവിഡ് കണ്ടെത്താൻ കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.