നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിന്‍ലന്‍ഡിന്റെ അതിര്‍ത്തികളില്‍ റഷ്യന്‍ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിന്‍ പ്രതിജ്ഞ എടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനം യാതൊരു പ്രയോജനവുമില്ലാത്ത നടപടിയാണെന്നും പുടിന്‍ പരിഹസിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ”റഷ്യയ്ക്ക് ഫിന്‍ലന്‍ഡ് അതിര്‍ത്തികളില്‍ സൈനികര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അവിടെ റഷ്യന്‍ സൈനികരുടെ സാന്നിധ്യമുണ്ടാകും. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു ശ്രമവും ഇന്ന് വരെ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള സംവിധാനങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അതെല്ലാം അവിടെ ഉണ്ടാകും’. പുടിന്‍ പറയുന്നു.
ഏപ്രിലിലാണ് ഫിന്‍ലന്‍ഡ് നാറ്റോ അംഗത്വം നേടുന്നത്. ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും കഴിഞ്ഞ ദിവസം നാറ്റോയില്‍ ചേര്‍ന്നിരുന്നു. സഖ്യത്തിലെ 32ാമത് അംഗമാണ് സ്വീഡന്‍. രണ്ട് വര്‍ഷം മുന്‍പ് അംഗത്വ അപേക്ഷ നല്‍കിയിരുന്നെങ്കിലും ചില രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം തീരുമാനം നീണ്ടു പോവുകയായിരുന്നു. സ്വീഡനും ഫിന്‍ലന്‍ഡും ഒരേ സമയമാണ് നാറ്റോയില്‍ ചേരുന്നതിനുള്ള അപേക്ഷ നല്‍കിയത്.