Monday, November 25, 2024

പാര്‍ട്ടിയിലെ ചിത്രം; ക്ഷമ ചോദിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍

പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തായതില്‍ ക്ഷമ ചോദിച്ചു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സന മരിന്‍ പാര്‍ട്ടി നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തായതു വിവാദമായിരുന്നു. പാര്‍ട്ടിയില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സന ലഹരി ഉപയോഗിച്ചില്ലെന്നു കണ്ടെത്തിയിരുന്നു.

ലഹരി ഉപയോഗിച്ചില്ലെങ്കിലും പാര്‍ട്ടിയിലെ ചില ചിത്രങ്ങള്‍ വളരെ മോശമായിരുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് സന മരിന്‍ ജനങ്ങളോടു ക്ഷമ ചോദിച്ചു രംഗത്തുവന്നത്. പാര്‍ട്ടിയില്‍ അസാധാരണമായ ഒന്നും സംഭവിച്ചില്ലെന്നും എന്നാലും ചില ചിത്രങ്ങള്‍ പുറത്തായത് അനുയോജ്യമായില്ലെന്നും അതിനു ക്ഷമ ചോദിക്കുന്നതായും സന മരിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എടുത്ത ചിത്രമാണ് വിവാദമായത്. രണ്ടു സ്ത്രീകള്‍ ചുംബിക്കുന്നതും അവരുടെ നഗ്‌നമായ മാറിടങ്ങള്‍ ഫിന്‍ലന്‍ഡ് എന്നെഴുതി മറച്ചിരിക്കുന്നതുമായ ചിത്രമാണ് പുറത്തുവന്നത്. ജൂലൈയില്‍ നടന്ന സംഗീതോത്സവത്തിനു ശേഷം സുഹൃത്തുക്കളുമൊത്തുള്ള സ്വകാര്യ പാര്‍ട്ടിക്കിടെ എടുത്ത ചിത്രമാണിതെന്നും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

 

Latest News