Wednesday, November 27, 2024

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുത്ത് പോലീസ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പോലീസ്. കീഴ്വായ്പൂര്‍ പോലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി ജലീല്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കെ.ടി ജലീല്‍ ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി ഓഗസറ്റ് 12ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലുള്ള ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും അയല്‍ രാജ്യമായ പാകിസ്താന്‍ ബലപ്രയോഗത്തിലൂടെ കൈയടക്കി വച്ചിരിക്കുന്ന കശ്മീര്‍ ഭാഗങ്ങളെ ആസാദ് കശ്മീര്‍ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ച് ഭരണഘടനയെ അപമാനിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കീഴ്വായ്പൂര് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്.

ഈ മാസം 12ന് കീഴ്വായ്പൂര് പോലീസിലും ജില്ലാ പോാലീസ് മേധാവിക്കും വിഷയത്തില്‍ ജലീലിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അരുണ്‍ കോടതിയെ സമീപിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങിയവ പരാമര്‍ശത്തില്‍ ഉണ്ടെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം വാദിയുടെ മൊഴി എടുത്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ എന്ന് പോലീസ് പറഞ്ഞു.

 

Latest News