Friday, April 11, 2025

റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ തീപിടിത്തം; 2,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

ക്രിമിയൻ പെനിൻസുലയിലെ സൈനിക പരിശീലന ഗ്രൗണ്ടിൽ തീപിടുത്തം. സംഭവത്തെ തുടര്‍ന്ന് 2,000 ത്തിലധികം ആളുകളെ മേഖലയില്‍ നിന്നും ഒഴിപ്പിച്ചു. ഉക്രൈൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് തീപിടുത്തമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യന്‍ നിയന്ത്രണത്തിലുള്ള കിറോവ്‌സ്‌കെ ജില്ലയിലെ സൈനിക പരിശീലന ഗ്രൗണ്ടിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. പിന്നാലെ നാലു സെറ്റിൽമെന്റുകളിലായി കഴിയുന്നവരെ ഒഴിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ സമീപത്തെ ഹൈവേ അടച്ചുപൂട്ടാനും നിർബന്ധിതമായെന്ന് മോസ്കോയുടെ പിന്തുണയുള്ള ക്രിമിയൻ ഗവർണർ അറിയിച്ചു. “തീപിടുത്തത്തെ തുടര്‍ന്ന് നാലു സെറ്റിൽമെന്റുകളിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിക്കുകയാണ്. ഇത് ഏകദേശം 2,000ത്തിലധികം ആളുകൾ വരും” ഗവർണർ പറഞ്ഞു.

അതേസമയം, ഉക്രൈൻ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് സൈനിക കേന്ദ്രത്തില്‍ തീപിടിച്ചതെന്ന് റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലുകളും ഉക്രൈനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ റിപ്പോർട്ടുകൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഉക്രൈനിൽ നിന്നാവട്ടെ വിഷയത്തിൽ പ്രതികരണം ഒന്നും ലഭ്യവുമല്ല.

Latest News