മെക്സിക്കോ ഉൾക്കടലിലെ എണ്ണഖനന കേന്ദ്രത്തില്‍ തീപിടുത്തം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പെട്രോളിയവും പ്രകൃതിവാതകവും വേർതിരിച്ചെടുക്കാനും സംസ്ക്കരിക്കാനും സൗകര്യങ്ങളുള്ള ഓയിൽ പ്ലാറ്റ്ഫോമില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
മെക്സിക്കൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പെമെക്സ് നടത്തുന്ന ഉൾക്കടൽ എണ്ണഖനന കേന്ദ്രത്തിലാണ് തീ കത്തിപ്പടര്‍ന്നത്. നൊഹോച്ച്-എ പ്ലാറ്റ്ഫോമിൽ ആരംഭിച്ച തീപിടിത്തം പിന്നീട് കംപ്രഷൻ പ്ലാറ്റ്ഫോമിലേക്കു പടരുകയായിരുന്നു. തീപിടിത്തത്തിൽ ആറുപേർക്ക് പരിക്കേല്‍ക്കുകയും ഒരാളെ കാണാതായതായും പെമെക്സ് പറഞ്ഞു.
തീപിടിത്തത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ കാന്ററെൽ ഫീൽഡിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. വിശാലമായ പ്ലാറ്റ്ഫോമിൽ ജോലിചെയ്യുന്ന 328 പേരിൽ 321 പേരെ വിജയകരമായി ഒഴിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
തീപിടിത്തം എണ്ണ ഉൽപാദനത്തെ കാര്യമായ രീതിയിൽ ബാധിച്ചതായി കമ്പനി അറിയിച്ചു. ഔട്ട്പുട്ടിലെ ആഘാതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പെമെക്സ് പുറത്തുവിട്ടിട്ടല്ല. പൈപ്പ് ലൈനുകളും ഇന്റർകണക്ഷനുകളും പുനഃസ്ഥാപിക്കുന്നതിനും മറ്റു സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള കാര്യങ്ങൾ സാങ്കേതികവിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണ് – കമ്പനി ട്വീറ്റ് ചെയ്തു.