ഝാര്‍ഖണ്ഡിലെ ധന്‍ബാദിൽ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ആശീര്‍വാദ് അപ്പാര്‍ട്ട്മെന്‍റില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍..
“തീപിടുത്തത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി ആളുകള്‍ ഒരു വിവാഹാഘോഷത്തിന്റെ ഭാഗമായി അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്” – ധന്‍ബാദ് ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കെട്ടിടത്തിലെ ആറാം നിലയിലും ഏഴാം നിലയിലുമായി നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ സംഭവം എന്നാണ് ഹേമന്ത് സോറന്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.