Tuesday, November 26, 2024

അഗ്നിപഥ് പദ്ധതി: ഹര്‍ജികള്‍ തള്ളി ഡല്‍ഹി ഹൈക്കോടതി

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരായ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. പദ്ധതിക്കെതിരായി സമർപ്പിച്ച 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റീസ് സുബ്രഹ്‌മണ്യ പ്രസാദും അടങ്ങിയ ബെഞ്ച് തളളിയത്.

2022 ജൂണില്‍ ആരംഭിച്ച പദ്ധതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധം കാര്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ 23 ഹര്‍ജികള്‍ എത്തിയത്. ഹര്‍ജികളില്‍ ഡിസംബര്‍ 15ന് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കുകയും വിധി പറയാന്‍ മാറ്റി വയ്ക്കുകയായിരുന്നു.

ഇതാണ് രണ്ട് മാസത്തിനു ശേഷം കോടതി വീണ്ടും പരിഗണിച്ചത്. പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യം നിലവിൽ കോടതിക്ക് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഇന്ത്യന്‍ സായുധ സേനയിലേക്കുള്ള ഹ്രസ്വകാല സേവന റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. കര-നാവിക-വ്യോമസേനയില്‍ ഇങ്ങനെ തിരഞ്ഞെടുക്കുന്ന യുവാക്കളെ നിയമിക്കാനാണ് പദ്ധതി. 17 വയസ്സ് കഴിഞ്ഞവർ മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് പദ്ധയിൽ അപേക്ഷിക്കാന്‍ അവസരമുള്ളത്.

Latest News