Sunday, November 24, 2024

യുകെയിലെ പൊതുതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി എഐ സ്ഥാനാര്‍ഥി

ലോകത്തിലെ ആദ്യത്തെ എഐ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ യുകെയിലെ വോട്ടര്‍മാര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വ്യവസായിയായ സ്റ്റീവ് എന്‍ഡകോട്ടാണ് തനിക്ക് വേണ്ടി എഐ പ്രതിനിധിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ജൂലൈ നാലിനാണ് ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ എന്‍ഡകോട്ടിന് വേണ്ടി എഐ സ്റ്റീവ് എന്ന ഐഐ സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന അവതാരമാണുള്ളത്.

ന്യൂറല്‍ വോയ്‌സ് എന്ന സ്ഥാപനം നടത്തുന്ന 59കാരനായ സ്റ്റീവ് എന്‍ഡകോട്ട് സ്വന്തമായി ഇപ്പോള്‍ ഒരു പാര്‍ട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ എഐ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പുത്തന്‍ പ്രചാരണരീതി ഈ തെരഞ്ഞെടുപ്പില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എഐ സ്റ്റീവ് ആണ് വിജയിക്കുന്നതെങ്കില്‍ എന്‍ഡകോട്ടായിരിക്കും എംപിയായി പാര്‍ലമെന്റില്‍ എത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

എഐ സ്റ്റീവിനെ കുറിച്ച് കൂടുതല്‍ അറിയാം:

സ്റ്റീവ് എന്‍ഡകോട്ടിനെ പ്രതിനിധീകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്ഥാനാര്‍ഥിയാണ് സ്റ്റീവ്. ഈ വര്‍ഷം ജൂണ്‍ 4ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബ്രൈറ്റണ്‍ പവിലിയന്‍ മണ്ഡലത്തിലാണ് ഈ സ്ഥാനാര്‍ഥി മത്സരിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തനായ ഒരു പരിസ്ഥിതി സൗഹൃദ മുതലാളിത്ത സ്ഥാനാര്‍ഥിയെന്നാണ് എഐ സ്റ്റീവിനെ എന്‍ഡകോട്ട് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റുള്ള സ്ഥാനാര്‍ഥികളെ പോലെത്തന്നെ സ്റ്റീവിനും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള കഴിവുണ്ടെന്നും എന്‍ഡകോട്ട് പറഞ്ഞു.

10000ത്തിലധികം സംഭാഷണങ്ങള്‍ നടത്താന്‍ എഐ സ്റ്റീവിന് സാധിക്കും. എപ്പോള്‍ വിളിച്ചാലും ഏത് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഇത് തയ്യാറാവുമെന്നും എന്‍ഡകോട്ട് വ്യക്തമാക്കി. ന്യൂറല്‍ വോയ്‌സ് അവതരിപ്പിച്ചിട്ടുള്ള എഐ സ്ഥാനാര്‍ഥിയായ സ്റ്റീവ് ആളുകളോട് നേരിട്ട് ഇടപെട്ട് കൊണ്ടാണ് പ്രചാരണം നടത്തുന്നത്. എല്‍ജിബിടി അവകാശങ്ങള്‍ ഹൗസിങ് പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണം, ഇസ്രായേല്‍ – ഹമാസ് യുദ്ധം, സൈക്ലിങ് ലെയിന്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുമൊക്കെയായി ബന്ധപ്പെട്ട് എഐ സ്ഥാനാര്‍ഥിയോട് ആളുകള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ട്.

നയങ്ങള്‍ രൂപീകരിക്കുന്നതിന് വേണ്ടി എഐ സ്ഥാനാര്‍ഥി ജനങ്ങളോട് നേരിട്ട് അഭിപ്രായം തേടുകയും ചെയ്യുന്നുണ്ട്. എഐ സ്ഥാനാര്‍ഥിയോട് ആളുകള്‍ക്ക് നിരന്തരം നേരിട്ട് സംസാരിക്കാന്‍ സാധിക്കും. നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങളും നടത്താം. ഇതെല്ലാം ക്രോഡീകരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് എന്‍ഡകോട്ട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് അവര്‍ക്ക് വേണ്ടി നയരൂപീകരണത്തിന് വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ലോകത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പിലെ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം നിരവധി പേരില്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എഐ സാങ്കേതിക വിദ്യയുടെ ദോഷഫലങ്ങള്‍ ക്യതൃമായി മനസ്സിലാക്കിയ ആഗോള ടെക്ക് ഭീമന്‍മാരായ മെറ്റയും ഗൂഗിളും ഇതിനെ ശരിയായ ദിശയിലേക്ക് എത്തിക്കാനുള്ള ആലോചനങ്ങളും നടത്തിവരുന്നുണ്ട്.

 

 

Latest News