തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്ങും കോവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു.
എങ്കിലും സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.