എട്ടുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്. എം. പി. വി. വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയതത്. സ്വകാര്യ ആശുപത്രിയിൽനിന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രിയിലെ പരിശോധനകളിൽ സംശയിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
സാധാരണയായി, ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ് 11 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നത്. ചൈനയിൽ വ്യാപിക്കുന്ന ഈ വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവ ഏത് സ്റ്റെയിനിൽപ്പെടുന്നവയാണ് എന്നും അറിയാത്തതിനാൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്ന് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നു.
ചൈനയിലെ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടയിലാണ് ഇന്ത്യയിലും എച്ച്. എം. പി. വി. വൈറസ് സ്ഥിരീകരിച്ചത്. ഇത് കൂടുതൽ ആശങ്കയുയർത്തിയിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വർഷം പൂർത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് ചൈനയിൽ അതിവേഗം പടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.