ബധിരനായ ജോസഫ് തേര്‍മഠത്തിന്റെ ഉള്‍വിളി അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നു… നീണ്ട വര്‍ഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്.
ആഗോള കത്തോലിക്കാസഭയില്‍ ഇരുപത്തഞ്ചോളം ബധിരവൈദികര്‍ ഉണ്ടെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ബധിരനായ ഒരാള്‍ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കന്‍ ജോസഫ്.
ജോസഫിനെയും സഹോദരന് സ്റ്റാലിനെയും ഞാന്‍ പരിചയപ്പെടുന്നത് 2014-ലാണ്. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറിയായിരിക്കേ, ബധിരരുടെ സുവിശേഷവത്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന കാലം. ബധിരര്‍ക്കു വേണ്ടി ബൈബിള്‍ സംഭവങ്ങളും ഉപമകളും ആംഗ്യഭാഷയില്‍ ദൃശ്യവത്കരിക്കാന്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ആദ്യമായി തീരുമാനമെടുത്ത കാലം. ആംഗ്യഭാഷയില്‍ പ്രാവീണ്യമുള്ള ബഹു. സി. അഭയയുടെയും ഗള്‍ഫു രാജ്യങ്ങളിലെ നഴ്സുമാരുടെയും സഹായത്തോടെ എഫ്ഫാത്ത എന്ന ആല്‍ബം പുറത്തിറക്കി. അതിന്റെ പ്രകാശന വേളയിലാണ് ഇവരെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് ബധിര സമൂഹത്തിന്റെ ക്രിസ്മസ്സ് ആഘോഷങ്ങളിലും ഞായറാഴ്ച ദിവ്യബലിയര്പ്പണത്തിലുമൊക്കെ സംബന്ധിക്കാന്‍ എനിക്ക് ഇടയായി. അവിടെയെല്ലാം ജോസഫിന്റെ നേതൃപാടവവും പ്രബോധന ചാതുരിയും എന്ന അദ്ഭുതപ്പെടുത്തി.
അമേരിക്കയില്‍ ഒരു സന്യാസസമൂഹത്തില്‍ സന്യാസപരിശീലനം ആരംഭിച്ച ജോസഫിന്, പക്ഷേ, അതു പൂര്‍ത്തിയാക്കാനായില്ല. പിന്നീട് ബധിര സമൂഹത്തെ സഹായിക്കാനെത്തിയ ഫാ. ബിജു മൂലക്കരയുടെ സഹായത്തോടെയാണ് ഹോളി ക്രോസ് സഭയിലേക്ക് ജോസഫ് എത്തിപ്പെടുന്നത്.
തൃശൂരുകാരാണ് ഡീക്കന്‍ ജോസഫിന്റെ വീട്ടുകാരെങ്കിലും ഇപ്പോള്‍ ഇടപ്പിള്ളിയിലാണ് താമസം. തോമസും റോസിയുമാണ് മാതാപിതാക്കള്‍. സഹോദരന് ലെനിനും ബധിരനാണ്. ഇരുവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ലെനിന് ബാങ്കുദ്യോഗസ്ഥനും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.