ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയും അഭയാര്‍ത്ഥികളുടെ മരണം തുടരുകയുമാണ്. ഇതിനിടെ ആശ്വാസമായി ഗാസ മുനന്പിലേക്ക് ആദ്യമായി കപ്പല്‍ വഴി സഹായമെത്തി. 200 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി അമേരിക്കയുടെ സന്നദ്ധ സംഘടനയുടെ കപ്പലെത്തിയത് പുതിയതായി നിര്‍മ്മിച്ച ഇടനാഴിയിലൂടെയാണ്. കൂടുതല്‍ കപ്പലുകള്‍ സഹായവുമായി ഉടനെത്തും. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഗാസയിലെ ജനങ്ങളുടെ പ്രതീക്ഷ അകലെയാണ്.
200 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായാണ് ഗാസയിലേക്ക് കടല്‍ മാര്‍ഗമുള്ള ആദ്യ കപ്പലെത്തുന്നത്. ഗാസയിലെ ജനം പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് യുഎന്‍ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ 7ന് ശേഷമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഏറെക്കുറെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ് ഗാസയുള്ളത്. 31400ഓളം പേരാണ് ഗാസയില്‍ ഒക്ടോബറിന് ശേഷം കൊല്ലപ്പെട്ടത്. സൈപ്രസിലെത്തിയ കപ്പല്‍ ഇസ്രയേല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് മുന്നോട്ട് അയച്ചത്. പ്രവര്‍ത്തന സജ്ജമായ തുറമുഖങ്ങള്‍ ഒന്നുമില്ലാത്ത ഗാസയിലേക്ക് ചസഹായം എങ്ങനെയെത്തിക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മധ്യ ഗാസയിലെ അല്‍ നുസറത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണ വിതരണം നടത്തുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയാണ് ആക്രമണത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഗാസ സിറ്റിയില്‍ ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. റഫയില്‍ യുഎന്‍ ഭക്ഷണ ക്യാമ്പിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.