ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ പരിക്കിനോട് പടവെട്ടി സങ്കേത് സാഗര്‍ വെള്ളി നേടി. സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.
49 കിലോ വിഭാഗത്തില്‍ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളിയുമായി ബര്‍മിംഗ്ഹാമില്‍ ഭാരമുയര്‍ത്താന്‍ മീരാഭായി ചനു ഇറങ്ങുമ്പോള്‍ ഇന്ത്യ സ്വര്‍ണത്തിളക്കത്തില്‍ എത്തുമെന്നുറപ്പ്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 207 കിലോ ഉയര്‍ത്തി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്‌സ്‌ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം.
ബോക്‌സിംഗില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഹുസാമുദ്ദീന്‍ മുഹമ്മദ്, സന്‍ജീത് എന്നിവര്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഒന്നരയ്ക്ക് ശ്രീലങ്കയെയും രാത്രി പതിനൊന്നരയ്ക്ക് ഓസ്‌ട്രേലിയെയും ടേബിള്‍ ടെന്നിസില്‍ പുരുഷന്‍മാര്‍ വടക്കന്‍ അയര്‍ലന്‍ഡിനെയും വനിതകള്‍ ഗയാനയെയും നേരിടും. സ്‌ക്വാഷില്‍ ജോഷ്‌ന ചിന്നപ്പ, സുനൈന കുരുവിള, സൗരവ് ഘോഷാല്‍ എന്നിവര്‍ക്കും മത്സരമുണ്ട്.
വനിതാ ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. രണ്ടാം മത്സരത്തില്‍ വെയ്ല്‍സാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യമത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെ തോല്‍പിച്ചിരുന്നു. ഗുര്‍ജീത് കൗര്‍ രണ്ട് ഗോള്‍ നേടി. നേഹ ഗോയല്‍, സംഗീത കുമാരി, സലീമ ടെറ്റെ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.