Friday, April 11, 2025

ആദ്യ എംപോക്സ് ക്ലേഡ് 1ബി വകഭേദം ഇന്ത്യ സ്ഥിരീകരിച്ചു; രോഗബാധ മലപ്പുറം സ്വദേശിക്ക്

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി ഈ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി എം പോക്സ് സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു എങ്കിലും അദ്ദേഹത്തിന് ക്ലേഡ് 2 വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു.

സെപ്റ്റംബർ 18 നാണു ദുബായിൽനിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്കു രോഗം സ്ഥിരീകരിക്കുന്നത്. പനി ബാധിച്ചു യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയപ്പോൾ തൊലിപ്പുറത്ത് കണ്ട തടിപ്പുകൾ ആണ് എം പോക്സ് ബാധിതനാണോ എന്ന സംശയത്തിലേയ്ക്ക് നയിച്ചത്. തുടർന്ന് രോഗസ്ഥിരീകരണത്തിനായി സ്രവസാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

രോഗി ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്തി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. രോഗിയുടെ 29 സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിൻ്റെ വിമാനത്തിലുണ്ടായിരുന്ന 37 യാത്രക്കാരും നിരീക്ഷണത്തിലാണെന്നും എന്നാൽ അവരാരും ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു.

ഈ വർഷം ആഫ്രിക്കയിൽനിന്ന് ഇതുവരെ 30,000-ത്തിലധികം എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പനി, പേശി വേദന, ലിംഫ് നോഡുകൾ വീർക്കുക, ശരീരത്തിലുടനീളം മുറിവുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് എം പോക്സിന് ഉള്ളത്. ചികിത്സിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുകയും മരണത്തിനു കാരണമാകുകയും ചെയ്യും.

Latest News