ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ചതിനുശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യചിത്രം വത്തിക്കാൻ പുറത്തുവിട്ടു. “ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിലെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിലെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു” – വത്തിക്കാൻ പ്രസ്സ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ചാപ്പലിന്റെ അൾത്താരയ്ക്കുമുൻപിൽ പ്രാർഥിക്കുന്ന പരിശുദ്ധ പിതാവിനെ ചിത്രത്തിൽ കാണാം. ബ്രോങ്കൈറ്റിസും തുടർന്ന് ന്യുമോണിയയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമുള്ള പാപ്പയുടെ ആദ്യചിത്രമാണിത്. ഒരുമാസമായി ആശുപത്രിയിൽ തുടരുന്ന പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ മാർച്ച് 16 ന് സന്ദർശകരെ ആരെയും സ്വീകരിച്ചിട്ടില്ല.