Monday, November 25, 2024

എഫ്ബിഐ ഉള്‍പ്പെടെ അഞ്ച് ഏജന്‍സികള്‍ അടച്ചുപൂട്ടും: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി വിവേക് ​​രാമസ്വാമി

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഉള്‍പ്പെടെ അഞ്ച് ഏജന്‍സികള്‍ പൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. റിപ്പബ്ലിക്കൻ നേതാവും ഇന്ത്യന്‍ വംശജനവുമായ വിവേക് ​​രാമസ്വാമിയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. വാഷിംഗ്ടണിലെ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം

എഫ്ബിഐയും വിദ്യാഭ്യാസ വകുപ്പും ഉൾപ്പെടെ അഞ്ച് ഫെഡറൽ ഏജൻസികൾ അടച്ചുപൂട്ടുമെന്നാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ, ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയര്‍ആംസ്, എക്‌സ്‌പ്ലോസിവ്‌സ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ സർവീസ് എന്നിവയും ഈ പട്ടികയിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു. അധികാരത്തിലേറിയ ആദ്യ വർഷത്തിൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം പകുതിയായും വൈറ്റ് ഹൗസിൽ എത്തിയാൽ ആദ്യ ടേമിൽ 75 ശതമാനമായും കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ട്രംപ് അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ മുൻ‌ഗണനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ബ്യൂറോക്രാറ്റുകൾക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. എങ്കിലും നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയിലേക്ക് അദ്ദേഹം നീങ്ങിയിരുന്നില്ല. എന്നാൽ 38 കാരനായ വിവേക് രാമസ്വാമിയുടെ പ്രഖ്യാപനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അതേസമയം, ട്രംപിനെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസിഡന്റായി വിലയിരുത്തി കൊണ്ടാണ് രാമസ്വാമി ട്രംപിനെതിരെ മത്സരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

Latest News