Sunday, November 24, 2024

നൈജീരിയയിൽ വിവിധയിടങ്ങളിൽ ആക്രമണം: അഞ്ചു ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ അഞ്ചു ക്രൈസ്തവർ കൊല്ലപ്പെട്ടു. കടുന സംസ്ഥാനത്ത് സെപ്റ്റംബർ 29 ന് ഉണ്ടായ ആക്രമണത്തിൽ രണ്ടു ക്രൈസ്തവരും നസറാവയിൽ നടന്ന ആക്രമണത്തിൽ മൂന്നു പേരും ആണ് കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികൾ ക്രൈസ്തവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി.

കൗറു കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ ബക്കിൻ കോഗിയിലെ കൃഷിയിടത്തിൽ വിളകൾ പരിശോധിക്കാൻ പോയ സഹോദരങ്ങളായ റെയ്മണ്ട് തിമോത്തിയും ജെയിംസ് തിമോത്തിയും ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. “ഞങ്ങളുടെ പ്രദേശത്തെ ക്രിസ്ത്യാനികളുടെ കൃഷിയിടങ്ങൾ തീവ്രവാദികൾ നശിപ്പിച്ചതിനെത്തുടർന്ന് രണ്ട് സഹോദരന്മാർ അവരുടെ കൃഷിയിടത്തിലേക്ക് പോയി, അവരെ ഫുലാനി തീവ്രവാദികൾ വെടിവച്ചു കൊന്നു,” പ്രദേശവാസികളിൽ ഒരാൾ വെളിപ്പെടുത്തി.

തെക്കൻ കടുനയിലെ ഗിദാൻ വയ പട്ടണത്തിലെ കഡുന സ്റ്റേറ്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ക്രിസ്ത്യൻ മതപഠന വിദ്യാർത്ഥിയായിരുന്നു ജെയിംസ് തിമോത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് കടുന സ്റ്റേറ്റ് പോലീസ് കമാൻഡിൻ്റെ വക്താവ് മൻസീർ ഹസ്സൻ പറഞ്ഞു.

നസറാവ സംസ്ഥാനത്തെ നസറാവ എഗ്ഗോൺ പട്ടണത്തിൽ, ഫുലാനി തീവ്രവാദികൾ കത്തോലിക്കാ അദ്ധ്യാപകനായ ഒകെ എസികെയുടെ വീട്ടിൽ നുഴഞ്ഞുകയറി അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്ത് തന്നെ മറ്റ് രണ്ടു ക്രൈസ്തവരെയും തീവ്രവാദികൾ കൊലപ്പെടുത്തി.

Latest News