കിഴക്കൻ ജർമ്മൻ നഗരമായ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ഉണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം 200 നു മുകളിലാണെന്നു അധികൃതർ വെളിപ്പെടുത്തി.
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി സാക്സണി-അൻഹാൾട്ട് സംസ്ഥാനത്തിന്റെ പ്രധാനമന്ത്രി റെയ്നർ ഹാസെലോഫ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. 41 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാം എന്നും അധികൃതർ വെളിപ്പെടുത്തി.
2006 ൽ ജർമ്മനിയിൽ എത്തി ഡോക്ടറായി ജോലി ചെയ്തിരുന്ന 50 കാരനായ സൌദി പൌരനാണ് അറസ്റ്റിലായ പ്രതിയെന്ന് ഹസലോഫ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാൾ ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി.
സംശയിക്കപ്പെടുന്ന ആക്രമണകാരിയുടെ ഉദ്ദേശ്യം വ്യക്തമല്ല എന്നും ഇസ്ലാമിക തീവ്രവാദവുമായി അദ്ദേഹത്തിന് ബന്ധമില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.