Tuesday, January 21, 2025

2025 ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിൽ തുറക്കപ്പെടുന്നത് അഞ്ച് വിശുദ്ധ വാതിലുകൾ

2025 ജൂബിലിവർഷം ഔദ്യോഗികമായി ആരംഭിക്കുന്ന ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്കുമുമ്പ് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നു. 2025 ലെ ജൂബിലിവർഷത്തിൽ 30 ദശലക്ഷത്തിലധികം തീർഥാടകർ റോമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ജൂബിലി വർഷത്തോടനുബന്ധിച്ച് മറ്റ് നാല് സ്ഥലങ്ങളിൽകൂടി വിശുദ്ധ വാതിലുകൾ തുറക്കും.

ഡിസംബർ 26 ന്, ഫ്രാൻസിസ് മാർപാപ്പ റോമിന്റെ വടക്കുകിഴക്കുള്ള റെബിബിയ ജയിലിൽ രണ്ടാമത്തെ വിശുദ്ധ വാതിൽ തുറക്കും. ഇതിനകം നിരവധി തവണ പാപ്പ സന്ദർശിച്ചിട്ടുള്ള ജയിലാണിത്. 1983 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, തന്നെ വധിക്കാൻ ശ്രമിച്ച മെഹ്‌മെത് അലി അഗസയ്ക്ക് മാപ്പുനൽകിയത് ഈ ജയിലിൽ പോയി സന്ദർശിച്ചാണ്.

മറ്റ് മൂന്ന് പ്രധാന ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ തുറക്കുന്നത് മാർപാപ്പയല്ല. പകരം, അതാതു സ്ഥലങ്ങളിലെ ആർച്ച്‌പ്രീസ്റ്റുമാർ ആയിരിക്കും ആ കർമം നിർവഹിക്കുക. റോം രൂപതയുടെ കത്തീഡ്രലായ ജോൺ ലാറ്ററൻ ബസലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നത് കർദിനാൾ ബാൽദസാരെ റീന ആയിരിക്കും. 2025 ജനുവരി ഒന്നിന് പോളിഷ് കർദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോ മരിയ മേജോറ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കും. ജനുവരി അഞ്ചിനായിരിക്കും സെന്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിൽ കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി തുറക്കുന്നത്.

2015-2016 കരുണയുടെ ജൂബിലിവർഷത്തിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ റോമിനു പുറത്തുള്ള രൂപതകൾ അവരുടേതായ വിശുദ്ധ വാതിലുകൾ തുറക്കില്ല. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള കത്തീഡ്രലുകളിൽ പ്രത്യേകിച്ച് ഡിസംബർ 29 ഞായറാഴ്ച, ജൂബിലിവർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News