ഇസ്രയേലിലെ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരാളെ വാഹനത്തിലും മറ്റുള്ളവരെ ചുറ്റുമുള്ള തെരുവുകളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പ്രദേശങ്ങളിലൊന്നായ ബിനെ ബ്രാക്കിലാണ് ആക്രമണമുണ്ടായത്. തോക്കുധാരിയായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. 27 കാരനായ പലസ്തീനിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. കഴിഞ്ഞ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ ഇസ്രേലി അറബുകള്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു ഇസ്രായേല്‍ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും സുരക്ഷ ശക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച ഒരാള്‍ വാഹനമോടിച്ച് വഴിയാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ബ്‌നെ ബ്രാക്കിലെയും റമത് ഗാനിലെയും നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുണ്ട വസ്ത്രം ധരിച്ച തോക്കുധാരി പാസഞ്ചര്‍ വിന്‍ഡോയിലൂടെ വെടിയുതിര്‍ക്കുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിലും ഉണ്ട്.
ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. അറബ് ഭീകരതയുടെ തരംഗമാണ് ഇസ്രായേല്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാസേനയുടെ സഹായത്തോടെ ഞങ്ങള്‍ ഭീകരതയെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അപലപിച്ചു. ഈ അക്രമം അംഗീകരിക്കാനാവില്ലെന്നും ഇസ്രായേലികള്‍ക്കും, ലോകമെമ്പാടുമുള്ള എല്ലാ ആളുകളെയും പോലെ സമാധാനത്തോടെയും ഭയമില്ലാതെയും ജീവിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.