അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലൊഴികെ മറ്റു സംസ്ഥാനാങ്ങളില്‍ ഒറ്റഘട്ടമായാകും വോട്ടെടുപ്പ്.
രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ചത്തീസ്ഗഢ് 90, മിസോറാം 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ഏഴിനും രണ്ടാം ഘട്ടം 17നും നടക്കും. മിസോറാമിലും ഏഴിനാണ് വോട്ടെടുപ്പ്. മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ 23നും വോട്ടെടുപ്പ് നടക്കും. ഏറ്റവും അവസാനം പോളിങ് ബൂത്തിലേക്ക് പോകുക തെലങ്കാനയാണ്. നവംബർ മുപ്പതിനാണ് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിനാണ്.
16.14 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കുക. 60.2 ലക്ഷം പുതിയ വോട്ടർമാര്‍ കന്നിവോട്ടും രേഖപ്പെടുത്തും. വയോജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ വീട്ടില്‍ സൗകര്യം (വോട്ട് ഫ്രം ഹോം) ഒരുക്കുമെന്നും. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.