യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന രാജ്യ തലസ്ഥാനത്ത് 33 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യവും പ്രധാന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹി നഗരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താമസക്കാർക്കായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയാണ് (എംസിഡി ക്യാമ്പുകൾ നടത്തുന്നത്. സിറ്റി പഹർഗഞ്ച് സോൺ, സെൻട്രൽ സോൺ, സിവിൽ ലൈൻസ് സോൺ, ഷഹ്ദാര നോർത്ത് സോൺ, ഷഹ്ദാര സൗത്ത് സോൺ എന്നിങ്ങനെ അഞ്ച് സോണുകളിലായാണ് ക്യാമ്പുകൾ. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 7371 പേരാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ഷെൽട്ടറുകളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എംസിഡി നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
അതേസമയം, പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിന് കേന്ദ്ര സഹായം അനുവദിച്ചു.180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്. സഹായം മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അംഗീകാരം നൽകി. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ സാഹചര്യം നേരിടാൻ, ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നല്‍കിയതായും ആഭ്യന്തര മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.