കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തെക്കൻ സ്പെയിനിലെ കോസ്റ്റാ ഡെൽ സോൾ മേഖലയിലെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു പ്രതീക്ഷിക്കുന്ന മലാഗയ്ക്കും വടക്കുകിഴക്കൻ കാറ്റലോണിയ മേഖലയ്ക്കും ദേശീയ കാലാവസ്ഥാ ഓഫീസ് എമെറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാർബെല്ല, വെല്ലെസ്, എസ്റ്റെപോണ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് റിസോർട്ടുകൾ ഉൾപ്പെടെയുള്ള മലാഗ പ്രദേശം ‘ഡാന’ എന്നറിയപ്പെടുന്ന തീവ്രമായ കാലാവസ്ഥാപ്രതിഭാസത്തിന്റെ ആഘാതം നേരിടുകയാണ് ഇപ്പോൾ. 220 ലധികം പേരുടെ മരണത്തിനിടയാക്കിയ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം തകർന്ന് ആഴ്ചകൾക്കുശേഷം കിഴക്കൻ വലൻസിയ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
വടക്കുകിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിൽ വെറും 12 മണിക്കൂറിനുള്ളിൽ 180 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തെക്കൻ പ്രവിശ്യയായ മലാഗയിലെ സ്കൂളുകൾ മുഴുവൻ അടയ്ക്കുകയും പല സൂപ്പർ മാർക്കറ്റുകളും അടച്ചുപൂട്ടുകയും ചെയ്തു.
തെരുവുകളിൽ വെള്ളം കയറിയതിനാൽ നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങൾ വിജനമായതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്നു. ഗ്വാഡൽഹോർസ് നദിക്കുസമീപം താമസിക്കുന്ന 3,000 ഓളം ആളുകളോട് വീടുകൾ വിടാൻ പറഞ്ഞതായി ആൻഡലൂസിയ റീജിയണൽ ഗവൺമെന്റ് അറിയിച്ചു.