കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനിൽ മരണമടഞ്ഞത് നാനൂറോളം കുട്ടികൾ. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും, ജലജന്യ രോഗത്തിന്റെയും പട്ടിണിയുടെയും ഭീഷണി അത്യന്തം രൂക്ഷമാവുകയാണ്.
റോഡുകളും വിളകളും വീടുകളും പാലങ്ങളും പലയിടത്തും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വളർത്തു മൃഗങ്ങളെ വളർത്തി ഉപജീവനം നടത്തുന്നവരുടെ മൃഗങ്ങൾ ചത്തൊടുങ്ങി. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും 33 ദശലക്ഷം ആളുകളെയും ബാധിച്ച വെള്ളപ്പൊക്കം പാക്കിസ്ഥാൻ കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്.
“ഒരു ദശലക്ഷത്തിലധികം വീടുകളും രണ്ട് ദശലക്ഷം ഏക്കർ കൃഷിഭൂമിയും ഏകദേശം 3,000 മൈൽ റോഡുകളും തകർന്നു. അരലക്ഷം ആളുകൾ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മറ്റ് പലരും അഭയസ്ഥലത്തിന് വേണ്ടി കഷ്ടപ്പെടുന്നു.” -നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു.