Monday, November 25, 2024

 പ്രളയത്തിൽ തകർന്ന് ലിബിയ: മരണം 20,000 കടന്നു 

വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 20,000 കടന്നതായി റിപ്പോർട്ട്. പ്രളയം ഗുരുതരമായി നാശം വിതച്ച ഡെര്‍ണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കുമെന്ന് ഡെര്‍നയിലെ മേയര്‍ അറിയിച്ചു.

‘5300 ലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. എന്നാൽ പ്രളയത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ 18000 മുതല്‍ 20000 വരെയാകാന്‍ സാധ്യയുണ്ട്’ മേയർ പറഞ്ഞു. ഇതിനോടകം 3190 പേരുടെ മൃതദേഹം സംസ്‌കരിച്ചതായും ഇതില്‍ 400 പേര്‍ ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ളവരാണെന്നും മേയർ അറിയിച്ചു. പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തില്‍ അപ്പാടെ തകര്‍ന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

അതേസമയം,കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതല്‍ ബാധിച്ച ഡെര്‍ണയില്‍ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Latest News