ജപ്പാനിലെ ഇഷികാവ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ റെക്കോർഡ് മഴയെ തുടർന്ന് ആറുപേർ മരിക്കുകയും പത്തുപേരെ കാണാതാവുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലുണ്ടായ മാരകമായ ഭൂകമ്പത്തിൽനിന്നും കരകയറി വരുന്ന വാജിമ, സുസു എന്നീ നഗരങ്ങളെയാണ് വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിച്ചുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച് തിങ്കളാഴ്ച ഉച്ചവരെ (03:00 GMT) നീണ്ടുനിന്ന വെള്ളപ്പൊക്കം നാടിനെ ബുദ്ധിമുട്ടിലാക്കി. ഞായറാഴ്ച, രണ്ടു നഗരങ്ങളിലും ശരാശരി വർഷത്തിൽ, സെപ്റ്റംബറിൽ ലഭിക്കുന്ന മഴയുടെ ഇരട്ടിമഴ ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡസൻകണക്കിന് നദികൾ കരകവിഞ്ഞൊഴുകുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ നൂറിലധികം കമ്മ്യൂണിറ്റികൾ മഴക്കെടുതിമൂലം ഒറ്റപ്പെട്ടതായി പ്രാദേശികമാധ്യമങ്ങൾ കൂട്ടിച്ചേർത്തു.
മരിച്ചവരിൽ രണ്ടുപേരെ വാജിമയിലെ മണ്ണിടിച്ചിൽ നടന്ന തുരങ്കത്തിനു സമീപം കണ്ടെത്തി. അതിലൊരാൾ റോഡ് അറ്റകുറ്റപ്പണി നടത്തുന്ന നിർമ്മാണതൊഴിലാളിയായിരുന്നു. പ്രായമായ രണ്ടു പുരുഷന്മാരും പ്രായമായ ഒരു സ്ത്രീയുമാണ് മരിച്ച മറ്റുള്ളവർ എന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് ജപ്പാൻ ടൈംസ് പറഞ്ഞു. ജപ്പാനിലെ കാലാവസ്ഥാവകുപ്പ് പ്രദേശങ്ങളിൽ റെഡ് അലേർട്ട് നൽകിയിരുന്നു.
ജനുവരിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 236 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും അതിനെത്തുടർന്ന് തീപിടുത്തം ഉണ്ടാകുകയും ചെയ്തതിൽനിന്ന് ഈ പ്രദേശങ്ങൾ കരകയറി വരുന്നതിനിടെയാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും.