Sunday, April 20, 2025

ചൈനയില്‍ വെള്ളപ്പൊക്കം: 20 പേര്‍ മരിച്ചു

ചൈനയിൽ 140 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ തലസ്ഥാന നഗരമായ ബീജിങ്ങിലും പരിസരപ്രദേശങ്ങളിലും വെള്ളപ്പൊക്കം. ശനിയാഴ്ച മുതൽ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ബുധനാഴ്ച രാവിലെ വരെ 744.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 20 പേര്‍ മരിച്ചതായി പ്രദേശികവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച, തെക്കൻ ഫുജിയാൻ പ്രവിശ്യയിൽ ഡോക്‌സുരി കൊടുങ്കാറ്റ് ആഞ്ഞടിച്ച് വടക്കോട്ടു നീങ്ങിയതിനുപിന്നാലെ ചൈനയില്‍ മഴ കനക്കുകയായിരുന്നു. കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് ജൂലൈ മാസത്തിൽ ആകെ പെയ്ത മഴയുടെ ശരാശരിയുടെ അത്രയുമാണ്. 1891-നു ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിതെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‍ന്റെ റിപ്പോര്‍ട്ട്.

അതേസമയം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പൗരന്മാരെ ക്യാംപുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ചില മേഖലകളിൽ ട്രെയിൻ, റോഡ് ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. നിരവധി ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News