Tuesday, November 26, 2024

ഇറ്റലിയുടെ വടക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കം; ഒമ്പതു മരണം

ഇറ്റലിയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശം. സംഭവത്തില്‍ ഇതുവരെ ഒമ്പതു പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. പ്രളയത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വടക്കന്‍ മേഖലയായ എമിലിയ-റൊമാഗ്നയിലാണ് കനത്ത മഴയെ തുടര്‍ന്ന് പ്രളയം ഉണ്ടായത്. കനത്ത മഴയില്‍ നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണം വെള്ളത്തിനടിയിലാവുകയും ചെയ്തു. ചില പ്രദേശങ്ങളിൽ വെറും 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതി ലഭിച്ചതായാണ് കണക്കുകള്‍.

പ്രളയത്തില്‍ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുകയും നശിക്കുകയും ചെയ്‌തതായി സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി വ്യക്തമാക്കി. ഏകദേശം 14,000 പേരെ പ്രളയ ബാധിത മേഖലകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, 37 നഗരങ്ങളിലും കമ്മ്യൂണിറ്റികളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്നും 120 ഓളം ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിനു പിന്നാലെ മേഖലയിൽ പല റെയിൽ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.

Latest News