യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ഫ്ലോറിഡ ഗവർണർ, റോൺ ഡിസാന്റിസും രംഗത്ത്. ട്വിറ്റർ മേധാവി ഇലോൺ മസ്കുമായി നടത്തിയ തത്സമയ ഓഡിയോ അഭിമുഖത്തിലാണ് ഡിസാന്റിസും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ 2024 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ലക്ഷ്യമിടുന്ന ഡോണാൾഡ് ട്രംപിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഡിസാന്റിസിൻറെ സ്ഥാനാർത്ഥിത്വം.
പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വ പ്രഖ്യപനത്തോടൊപ്പം ഡിസാന്റിസ് തൻറെ നിലപാടുകളും വ്യക്തമാക്കി. താൻ യുഎസ് പ്രസിഡൻറായാൽ പൊതുവിദ്യാഭ്യാസ രംഗത്ത് പരിഷ്കരണം നടത്തുമെന്ന് പ്രഖ്യപിച്ച ഡിസാന്റിസ് ലോക്ഡൗണിനോടുള്ള വിരുദ്ധതയും വ്യക്തമാക്കി. അമേരിക്കയുടെ മഹത്തായ തിരിച്ചുവരവ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് രാഷ്ട്രീയത്തിൽ പുതുമുഖനായ ഡിസാന്റിസ് 2012 ലാണ് ആദ്യമായി ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2018 ൽ സെനറ്ററാകാൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് ഫ്ലോറിഡ ഗവർണറായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഫ്ലോറിഡയിൽ ഗർഭച്ഛിദ്രം വിലക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനു നേതൃത്വം വഹിച്ചത് ഡിസാന്റിസ് ആയിരുന്നു.