ആറ് ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭച്ഛിദ്രം തടയുന്നതിനുള്ള നിയമത്തിന് ഫ്ലോറിഡയില്‍ അംഗീകാരം നല്‍കി. ഫ്ലോറിഡ ഗവര്‍ണര്‍ റന്‍ ദെസാന്‍റീസ് ഇത് സംബന്ധിച്ച ബില്ലില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 15 ആഴ്ചകള്‍ക്കു ശേഷമുളള ഗര്‍ഭച്ഛിദ്രത്തിനു സംസ്ഥാനത്ത് നിരോധനമുണ്ട്.
ജീവനേയും കുടുംബത്തേയും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞാണ് ദെസാന്‍റീസ് ബില്ലില്‍ ഒപ്പുവച്ചത്. ബില്ല് നിയമമായി അംഗീകരിച്ചതോടെ അമ്മയുടെ ജീവന് ആപത്തുണ്ടാകാത്ത പക്ഷം ആറാഴ്ചക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം ഇനി സംസ്ഥാനത്ത് അനുവദിക്കില്ല. നേരത്തെ ഇതു സംബന്ധിച്ചു തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാമെന്നു യു എസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രധാന ബില്ല് ഫ്ലോറിഡ അംഗീകരിച്ചത്.
എന്നാല്‍ ഫ്ലോറിഡയുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് വൈറ്റ് ഹൗസ് രംഗത്തെത്തി. നിയമം സ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും യുഎസിലെ ഭൂരിഭാഗം ജനങ്ങളേയും പരിഗണിക്കാതെയുള്ള നടപടിയാണെന്നും വൈറ്റ് ഹൗസ് വിമര്‍ശിച്ചു. അതേസമയം, യുഎസിലെ മറ്റു സംസ്ഥാനങ്ങളായ അലബാമ, ലൂസിയാന, മിസിസിപ്പി എന്നിവ ഗർഭാവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും ഗർഭഛിദ്രം നിരോധിച്ചിട്ടുണ്ട്, ജോർജിയയിൽ ഹൃദയ പ്രവർത്തനം കണ്ടെത്തിയതിന് ശേഷമുള്ള നടപടിക്രമം നിരോധിച്ചിട്ടുണ്ട്.