എത്യോപ്യയ്ക്കുള്ള ഭക്ഷ്യസഹായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പകുതിയായി കുറയ്ക്കുന്നത് മൂന്നു ദശലക്ഷത്തിലധികം പേരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്കു നയിക്കുന്നു. ഇത് സാധാരണമല്ലെന്നും വളരെക്കാലമായി തങ്ങളുടെ ഫണ്ടിൽ ഇത്രയും കുറവ് നേരിട്ടിട്ടില്ല എന്നുമാണ് വേൾഡ് ഫുഡ് പ്രോഗ്ലാം (WFP) എത്യോപ്യ വക്താവ് ക്ലെയർ നെവിൽ ഇതിനെക്കുറിച്ചു പറഞ്ഞത്.
നെവിൽ പറയുന്നതനുസരിച്ച്, എത്യോപ്യയിലെ WFP പ്രവർത്തനങ്ങൾക്ക് USAID ഉൾപ്പെടെ മുപ്പതോളം പ്രധാന ദാതാക്കളുണ്ട്. അവർ മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി എത്യോപ്യയെ അതിന്റെ ഭക്ഷ്യസഹായം വെട്ടിക്കുറയ്ക്കൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മറ്റു ദാതാക്കളിൽ നിന്നുള്ള സഹായം വെട്ടിക്കുറയ്ക്കുന്നത്, അടുത്ത ആറു മാസത്തിനുള്ളിൽ എത്യോപ്യ 222 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് വിടവ് നേരിടും എന്നാണ് കാണിക്കുന്നത്. WFP നിലവിൽ എത്യോപ്യയിൽ പിന്തുണയ്ക്കുന്ന 3.6 ദശലക്ഷം ആളുകൾക്ക് പോഷകാഹാര സഹായം അടിയന്തിരമായി എത്തുന്നില്ലെങ്കിൽ അത് അവരുടെ ആരോഗ്യത്തെത്തന്നെ ഭീഷണിയിലാക്കുമെന്നും നെവിൽ പറയുന്നു.
ഈ ആഴ്ച ആദ്യം, WFP എത്യോപ്യ പോഷകാഹാരക്കുറവുള്ള ആറരലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവിനുള്ള ചികിത്സകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ആളുകളെ ആരോഗ്യത്തിലേക്കു കൊണ്ടുവരാൻ ആഴ്ചകൾകൊണ്ടു സാധിക്കുന്ന പോഷകാഹാരമായിരുന്നു ഇതെന്നും പറയുന്നു. 10.2 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ഒരു രാജ്യത്ത് WFP യുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമേ ആ ചികിത്സകൾ പ്രതിനിധീകരിക്കുന്നുള്ളൂ.
കുട്ടികൾക്കുവേണ്ട പോഷകാഹാരങ്ങൾ നൽകുന്നതിനായി മറ്റു പരിപാടികളിലൂടെ ഏകദേശം 4,70,000 കുട്ടികൾക്കാണ് ദിവസേന സ്കൂൾ ഭക്ഷണം നൽകുന്നത്. ധനസഹായത്തിലെ കുറവും ഭക്ഷ്യസഹായത്തിലെ റേഷൻ വെട്ടിക്കുറയ്ക്കലും ഇതിനകംതന്നെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കടുത്ത ഭക്ഷ്യസുരക്ഷയില്ലാത്ത എത്യോപ്യക്കാർക്ക് 80% റേഷനാണ് ലഭിക്കുന്നത്; അഭയാർഥികൾക്ക് 60 ശതമാനവും.